
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ നിരന്തര പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബത്തിന്റെ പരാതി. ആറ്റുകാലിലെ വാടകവീട്ടിൽ ഇന്നലെ രാത്രിയാണ് 27-കാരിയായ ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് ഭർത്താവ് അതുൽ മർദിച്ചതിന്റെ ചിത്രങ്ങൾ ആരതി അമ്മയ്ക്ക് അയച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെ വൈകിട്ട് 5.45ഓടെ അമ്മയെ ഫോണിൽ വിളിച്ച ആരതി വീട്ടിലെ പ്രശ്നങ്ങൾ വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ആത്മഹത്യാക്കുറിപ്പും എഴുതി വച്ചതായി പൊലീസ് അറിയിച്ചു. കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി വാടകവീട്ടിൽ ആരതിയും അതുലും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. വഴക്കിന് ശേഷം അതുൽ വീടിന് പുറത്തായിരിക്കെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് അതുൽ സുഹൃത്തിനെയും തുടർന്ന് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മുറിയുടെ വാതിൽ ബലമായി തുറന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആരതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പൊലീസ് ഭർത്താവ് അതുലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. 50 പവനോളം സ്വർണം സ്ത്രീധനമായി നൽകിയിരുന്നുവെന്നും പിന്നീട് അതുൽ ആ സ്വർണം പണയംവയ്ക്കുകയും കൂടുതൽ പണം ആവശ്യപ്പെട്ട് നിരന്തരം വഴക്കുണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. അടുത്തിടെ ആരതിയുടെ സ്വർണം വിറ്റ് വാഹനം വാങ്ങിയതായും, അതുലിന് മറ്റ് യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന സംശയവും കുടുംബം ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയതായി കമ്മിഷൻ അധ്യക്ഷ പി. സതീദേവി അറിയിച്ചു.









